Sunday, October 31, 2010

മധുരം

ഓഷ്ഠാധരങ്ങളിൽ
മധുവൂറുന്നു

മിണ്ടാട്ടമിതുവരെ
മാതൃമൊഴിയിലായിരുന്നല്ലോ


Friday, September 3, 2010

ശാപദ്വീപ്‌

ഭൂപടത്തിൽ
വൻകരകൾ
അടയാളപ്പെടുത്തേണ്ട
നേരത്ത്‌

പിൻബഞ്ചിലിരുന്ന്
ടീച്ചറുടെ ഭൂമിശാസ്ത്രം
ഉറക്കെ
ഹൃദ്യസ്ഥമാക്കിയതിനാലാവുമോ

ഹൃദയഭൂപടങ്ങളിൽ
ഈ കൊച്ചുദ്വീപ്‌
ആരും
അടയാളപ്പെടുത്താതെപ്പോയത്‌?

Monday, July 19, 2010

ചാറ്റൽമഴ

കിഴവൻ മുഖംമിനുക്കി
കിടക്കയിലേയ്ക്കിഴയുന്നു
കിഴവിയോടൊപ്പം

നടുമുറ്റത്ത്‌
നനുത്ത ചാറ്റൽ


Wednesday, June 16, 2010

വിശ്വാസം, അതല്ലല്ലോ എല്ലാം

നീട്ടിവിളിച്ചപ്പോൾ കരുതി
തീറ്റതരാനായിരിയ്ക്കുമെന്ന്

കയറിട്ട്‌ വലിച്ചപ്പോൾ
തൊഴുത്തിലേയ്ക്കാണെന്നും

ചാരിവച്ച പലകയിലൂടെ
ലോറിയിലേയ്ക്ക്‌ തള്ളിയപ്പോൾ
ഒരു പുൽത്തകിടി സ്വപ്നം കണ്ടു

യാത്ര ഞെരുങ്ങി
പതയൊഴുകിയപ്പോൾ
ഏതോയൊരു പുഴയോരവും

വണ്ടിയിൽ നിന്ന്
വലിച്ചിട്ടപ്പോൾ തോന്നി
കൈയ്യബദ്ധമായിരിയ്ക്കുമെന്ന്

അതോർത്ത്‌
നിന്റെ ചങ്കുരുകുകയാണെന്ന്

ഇപ്പോളീമരമുട്ടിയിൽ വച്ച്‌
കഴുത്തിനുനേരെ
കത്തിയുയർത്തിനിൽക്കുമ്പോൾ

കഴുത്തിലെ
കുരുക്കറുക്കാനായിരിയ്ക്കുമെന്ന്
കരുതിക്കോട്ടെ ഞാൻ......

നിന്നെക്കുറിച്ചൊരിക്കലും
മറിച്ച്‌ ചിന്തിയ്ക്കാനെനിക്കാകില്ലെന്ന്
നിനക്ക്‌ നന്നായറിയാമല്ലോ

Monday, March 1, 2010

മാനംനോക്കിക്കിടക്കുമ്പോൾ

നീ
പറക്കുകയായിരുന്നു
ഉള്ളിൽ

അകലെ
ഒറ്റയ്ക്ക്‌
പറക്കുന്ന പക്ഷിയോട്‌

നിന്നോടുള്ള
പ്രേമം
പാടിയിരുന്നെങ്കിൽ

ആകാശച്ചില്ലകളുപേക്ഷിച്ച്‌
അതെന്നിലൊരു
കൂടുകെട്ടിയേനേ

ജ്ഞാനോദയം

എനിയ്ക്കും
ബുദ്ധനുമിടയിലെ
ഒരാൽമരയകലം

ഭൂമി

ഓരോ ജന്മവും
ഒരു പ്രണയലേഖനം

സ്വർഗ്ഗം
ഭൂമിയ്ക്കയക്കുന്നത്‌

വായിച്ചുകഴിഞ്ഞാൽ
മാറോടമർത്തികിടക്കും

അടുത്തതിനായി
ആർത്തിയോടെ കാത്തിരിയ്ക്കും